തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിർണായക തീരുമാനവുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. മൂന്ന് ടേം വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശിപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അംഗീകാരം.
ഇതുപ്രകാരം ആറ് സിറ്റിംഗ് എംഎൽഎമാർക്ക് മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. വ്യാഴാഴ്ച ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന് സ്ഥാനാർഥി നിർണയം നടത്തും.
ഞായറാഴ്ച സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകും. 2021ൽ 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 17 പേർ വിജയിച്ചിരുന്നു. നിയമസഭയിലെത്തിയവരിൽ ആറ് അംഗങ്ങൾ മൂന്നുതവണ എംഎൽഎ ആയവരാണ്.
മൂന്ന് തവണ പൂർത്തിയാക്കിയവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ട് തവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ മാത്രം നിലനിർത്താനാണ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. സിപിഐ മന്ത്രിമാരിൽ റവന്യു മന്ത്രി കെ.രാജൻ ഒഴികെയുള്ളവർക്ക് തീരുമാനം ബാധകമാകില്ല.